ഉടുപ്പിനടിയിൽ ഒരുപാട് രഹസ്യങ്ങളുണ്ട്
ഉടുപ്പിനടിയിൽ ഒരുപാട് രഹസ്യങ്ങളുണ്ട്
ഉടുപ്പിനടിയിൽ ഒരുപാട് രഹസ്യങ്ങളുണ്ട്.
മഷിക്കുപ്പി തട്ടിമറിഞ്ഞത് അച്ഛൻ കാണും മുന്നെ മറച്ചപാടുകൾ,
ചേച്ചിയുടെ ക്യൂടെക്സ് ഒളിച്ച് പരീക്ഷിച്ചതിന്റെ രഹസ്യ അടയാളങ്ങൾ,
കളിക്കാൻ വന്നുവിളിക്കുന്ന കൂട്ടുകാർക്കരികിലേക്ക് ഭക്ഷണം കഴിച്ച് മുഴുവനാക്കുംമുന്നേ ഓടുമ്പോൾ കൈതുടച്ച പാടുകൾ.
ജാതിക്കയും മാങ്ങയും വാഴത്തേനും മറ്റും
കട്ടുതിന്നുന്നതിന്റെ തിരുശേഷിപ്പുകൾ.
തട്ടിമറിഞ്ഞ ചായ തുടക്കാനായി അടുക്കളയിൽ നിന്ന്
തുണിയെടുത്തു വരാനായുള്ള മടിയുടെ കറപ്പാട്ടുകൾ.
വലുതാകുമ്പോൾ പഴയ ഉടുപ്പുകൾ ചെറുതാകും
അപ്പോൾ പുതിയ വലിയ ഉടുപ്പുകൾ വരും.
വലിയ ഉടുപ്പുകളോടൊപ്പം രഹസ്യങ്ങളും വലുതാകും.
മുതിരലിന്റെ ആശ്ചര്യങ്ങളും നിരാശയുടെ നീറ്റലുകളും മറ്റും
വലിയ ഉടുപ്പിനടിയിൽ മറച്ചുവെക്കപ്പെടും.
പിന്നെയും നാം വലുതാകും
പക്ഷെ അപ്പോഴേക്കും ഉടുപ്പുകൾക്ക് വലിപ്പം കൂടേണ്ട സമയം കഴിഞ്ഞിട്ടുണ്ടാകും.
പിന്നെയുള്ള രഹസ്യങ്ങൾക്ക് വലിപ്പത്തോടൊപ്പം ആഴവുമേറും.
രഹസ്യങ്ങൾക്കും പരമ്പര നിലനിർത്തണമല്ലോ!
അങ്ങിനെ പൊക്കിൾക്കൊടിയറ്റ രഹസ്യങ്ങൾ ഭൂമിയിലേക്കിറങ്ങും,
സ്വതന്ത്രരായ നവരഹസ്യങ്ങൾ നേരത്തിനും കാലത്തിനുമൊത്ത
മാറ്റങ്ങളോടെ പുതിയ ഉടുപ്പുകൾക്കടിയിൽ ഒളിക്കും.
ഉടുപ്പിനടിയിൽ ഇപ്പോഴും ഒരുപാട് രഹസ്യങ്ങൾ ഉണ്ട്!
27Jan2024
നിശബ്ദതയുണ്ടാകുന്നതെപ്പോൾ?
നിശബ്ദതയുണ്ടാകുന്നതെപ്പോൾ?
വാക്കുകൾ ആഹാരം കഴിക്കുന്ന വേളയിൽ.
ആഹാരം കഴിക്കുമ്പോൾ സംസാരിക്കുന്നത്
ആരോഗ്യത്തിനുനന്നല്ല.
വാക്കുകൾ ആഹാരം കഴിക്കുന്നതെന്തിന്!?
വാക്കുകൾക്ക് വളരേണ്ടേ,
ആഹാരം കഴിച്ചാലല്ലെ അവർ വളർന്ന്
യുവവാക്കുകളാകു! പിന്നീട് വയസ്സരും.
വാക്കുകൾക്ക് വയസ്സാകുമോ?
വയസ്സാകുകമായത്രമല്ല ചിലർ
മരിക്കുകയും ചെയ്യും. ചിലപ്പോൾ
പുതിയ ചില വാക്കുകൾ ജനിക്കും, നവജാതവാക്ക്.
27June2011
എഴുത്തുകുത്തുകൾ
എഴുതിക്കുത്താൻ അറിയാത്തോർക്കി-
പ്പണിയതുചേരില്ല.
എഴുത്തുകുത്തി മരിക്കുവോരും
ഇവിടെക്കുറവല്ല.
മെലിച്ചുരുട്ടി വരയിൽക്കൊണ്ടാൽ
ഉടലതുശരിയായി.
എഴുത്തിനുടലുകൾ നന്നായാലും
ഉള്ളതുനന്നാമോ?
എഴുത്തുകുത്താം, എഴുതികുത്താം,
കുത്തിയുമെഴുതീടാം.
തലയിലെഴുത്ത് തിരുത്താൻ മാത്രം
എഴുത്തുകുത്തില്ല!
2014
കൂടപ്പിറപ്പ്
കൂടപ്പിറപ്പ്
അക്ഷരം തന്നു അഭയവും തന്നു
അകമെ ജീവിത വെട്ടം തെളിച്ചു.
കുസൃതി പെയ്യുന്ന ബാല്യം മുഴുക്കെ
കഥകൾ ചൊല്ലി നീ കനവുകൾ തന്നു.
പിന്നെ എന്നിലെ കനവുകൾക്കുയരാൻ
അരിയൊരായിരം ചിറകുകൾ തന്നു.
നിന്റെ കണ്ണുകൾ തന്നു വിശ്വാസം,
നീയെനിക്കേകി നേരിൻ്റെ വീര്യം.
കണ്ണുനീരിൽ നീ എന്നെ പുണർന്നും
പുഞ്ചിരികളിൽ എന്നിലലിഞ്ഞും
എൻ്റെയുള്ളിലെ എന്നെ കളഞ്ഞ്
നമ്മളെന്നു നീ ഉള്ളിൽ വരച്ചു.
ഇന്നു നീയെന്റെ താളമായ് നാളമായ്
ചുണ്ടിലൂറുന്നൊരായിരം വാക്കായ്
വന്നു പോകുന്ന പകലായി ഇരവായി
എൻ്റെ കവിതയായ് കൂടെപ്പിറപ്പ്.
2013
മഴയെയും കാത്ത്
നിനക്കെഴുതുവാൻ നിനവുകളില്ല,
കൊരുത്തുകൂട്ടുവാൻ കനവുകളില്ല.
പരക്കെവറ്റിയ പുഴയിലെക്കുണ്ടിൽ
അടിഞ്ഞുകൂടിയ ചെളിപ്പരപ്പിലായ്
ഉടലൊതുക്കിയ വരയൻമീനുപോൽ
മഴയാം നിന്നെക്കാത്തിവിടെ നിൽക്കുന്നു.
2017
കുമ്മായം
സ്വയം നീറി നീറി
ഞാനിന്ന് കുമ്മായമായി മാറി.
ആർക്കും വെള്ളപൂശാം.
ഏത് അഴുക്കിനെയും മൂടി വെക്കാം.
പുറംകാഴ്ച്ച തൂവെള്ള,
അകത്തൊരായിരം കറുത്തപാടുകൾ,
പിന്നെ ഉള്ളുനീറിയ
പൊള്ളൽക്കുമിളകളും.
21May2017
The Art of Personalisation
എന്റേതല്ലാതാക്കലുകളിലെ
എന്റേതാക്കല്,
എന്റേതാക്കലുകളിലെ
എന്റേതല്ലാതാക്കല്.
അപ്പുറം മൌനം!
അത് വലിച്ച് കുടിച്ചാല്‍
മനസ്സ് ഒരു പൊള്ളപ്പാട്ടപോലെ
‘ക്ലിം’ ശബ്ദമുണ്ടാക്കി വലിച്ചെറിയാം.
തട്ടിത്തിരിഞ്ഞുവീഴുന്ന നടവഴിമുക്കില്ക്കിടന്ന്
വെള്ളം നിറഞ്ഞ് കൂത്താടികെട്ടി
കൊതുക് മൂളിയിറങ്ങും.
പിന്നെ ചോര വലിച്ചുകുടിച്ച്
ഭ്രാന്തുമൂളിപ്പറക്കും.
4Aug2017
ഉയിര്‍പ്പ്
ഇരുട്ടിൽ തെളിഞ്ഞ വെളിച്ചം
നിലാവെന്ന് നിനച്ചവൾ പറഞ്ഞു,
ഉടലിൽ ഉയിർ നിറയ്ക്കുന്ന
കുമിളകൾക്ക് പേരത്രെ സ്നേഹം!
ഉടലെറിഞ്ഞ് ഉയിരിലലിഞ്ഞവൾ
ചെമ്പരത്തിച്ചോപ്പായിമാറി.
ഉയിരില്ലാതെ ഉടൽനുണഞ്ഞവ-
നൊരുകൂണായി മുളച്ചുപൊങ്ങി.
19Nov2018
കടലോളം
പുഴയും ഞാനും ചേർന്നിട്ടാക്കടല-
രികത്തെങ്ങാണ്ടലയുമ്പോൾ,
ചാരത്തൊരുതിര വന്നു വിളിച്ചു
കൂടെച്ചേര്ന്നൊരു കടലാകാന്‍.
തിരയുടെ മാറിൽ നുരയുടെ നടുവിൽ
ഞാനും പുഴയും കടൽ പൂകി.
എന്നെ വെടിഞ്ഞു, നമ്മിലലിഞ്ഞു
കടലും പുഴയും ഒന്നായി.
19Nov2018
നിലാവ് തേടി വന്നവളാണ്
നിലാവ് തേടി വന്നവളാണ്
ഈ അമാവാസിക്കപ്പുറം
തന്റെ വെളിച്ചം അവൾ കാണുന്നുണ്ട്.
19Nov2018
വെളിച്ചം, വെളിപാട്
ഞാൻ പറഞ്ഞിരുന്നില്ല,
പക്ഷെ നീയതറിയാത്തതല്ല.
നിലാവിലും വെയിലിലും
വെളിച്ചം ഒന്നായിരുന്നു.
നിലാവിൽ നിന്റെ നിഴലളന്നപ്പോൾ
ഉടലിലും നീളം ഉയിരിനെന്നോർത്ത്
പകൽവെളിച്ചത്തിൽക്കണ്ട
നുണകളൊക്കെയും
നേരായെടുത്തവൾ.
ഒരാമാവാസിക്കപ്പുറം
എന്റെ നിലാവിന്നും ചിരിക്കുന്നു.
നിന്റെ നുണകളോരോന്നും
വെയിലിൽ വെന്തുരുകുന്നു…
വെളിച്ചം ഒന്നുതന്നെയിന്നും!
10Dec2018
ഉണങ്ങാത്ത മുറിവുകള്‍
സ്നേഹം അവൾക്കുനേരെ കൈനീട്ടി…
ഉറക്കം നടിച്ചവൾ തിരിഞ്ഞുകിടന്നിട്ടും
നിറങ്ങൾക്ക് നേരേ കണ്ണടച്ചിട്ടും
അവൾക്കതിനുകഴിഞ്ഞില്ല.
സ്നേഹത്തിന്റെ കൈപിടിച്ചവൾ
നിറങ്ങൾ നോക്കിനടന്നു.
സ്വപ്നത്തിന്റെ നീല,
ആനന്ദത്തിന്റെ പച്ച,
വിശ്വാസത്തിന്റെ തൂവെള്ള…
പ്രതീക്ഷയുടെ നക്ഷത്രവെട്ടത്തിൽ
ചേർത്തുപിടിച്ച സ്നേഹത്തെയവൾ വിലക്കി,
ഉണങ്ങിതീരാത്തമുറിവുകളില്നിന്നും
ഇപ്പോഴും രക്തംപൊടിയുന്നുണ്ട്…
21Dec2018
ഏകാന്തതക്കും സ്നേഹത്തിനും ഇടയിലെന്ത്!?
ഏകാന്തതയിൽനിന്ന് സ്നേഹത്തിലേക്കൊരെടുത്തുചാട്ടം,
പിന്നെ തിരഞ്ഞത് മുറിവൊപ്പാൻ ഒരു തുണ്ടുതുണി.
ശേഷമെന്റെ നിഴൽനോക്കിനടന്നു ഞാൻ.
വെളിച്ചമില്ലാത്തിടത് നിഴൽ പരക്കില്ലല്ലോ…
കഴിയുവോളം വേഗം നടക്കുകയാണ് ഞാൻ
ഞാനില്ലാതാകുന്നേടങ്ങൾ നോക്കി.
സ്നേഹംപരക്കുന്നേടങ്ങളിൽ നിഴലിനെന്തുകാര്യം?
നീയുംഞാനുമില്ല പിന്നെ നമ്മളാണല്ലോ…
22Dec2018
വാക്ക് വഴിതെളിക്കുമ്പോള്‍
വാക്കെന്റേതായിരുന്നു,
വഴി നിങ്ങളുടേതും.
വഴി ചോദിച്ചവൾക്ക് മുന്നിൽ
വാതിലുകളടഞ്ഞാലും
വാക്കുരുക്കുന്നവൾക്ക് വഴി തിരയാതിരിക്കാനാകില്ലല്ലൊ…!
ഇനിയവൾ വഴി പണിയും,
വാക്കിന്റെ നേരുള്ള വഴികൾ.
27Dec2020
മരമൊട്ടുമുലയാതിരിക്കാൻ
വേരെത്രയാഴത്തിലോടണം!?
20May2022
മരം പെയ്യും തുള്ളിയെല്ലാം
മഴത്തുള്ളി തന്നെയാണോ!?
പെയ്തുലയും മരമെല്ലാം
മഴമേഘം തന്നെയാണോ!?
20Nov2022
കിളിപ്പാട്ട്
മഴ മൂളുന്നുണ്ടായിരുന്നു,
മുള പാടുന്നും!
ഉയിരിൽ തൊട്ടത്
കാറ്റാണെന്ന് നിനച്ച് കണ്ണടച്ചു.
ഉണർന്നപ്പോഴേക്കും പുലർന്നിരുന്നു.
നേരം മാത്രമല്ല, ബോധവും!
കാറ്റില്ല, മഴയില്ല,
മുളങ്കാട് പോലുമില്ല!
വടവൃക്ഷചുവട്ടിലല്ല,
വല്മീകത്തിനുള്ളിലുമല്ല,
കണ്ണുതുറന്ന് കണ്ടത് മനുഷ്യരെയാണ്,
പക്ഷെ മുന്നോട്ടെന്ന് ഒരു കിളിപ്പാട്ട് കേട്ടു.
20Dec2023
കടലിരമ്പുന്നതുള്ളിലാണ്
അകലെയെങ്ങാണ്ടൊരു-
കടലിടുക്കിൽ,
ഇരവുപതയുന്നയൊരു-
ചെറുതിരയിൽ,
അലിവുതേടിയാക്ക-
ണ്ണുനീര്ത്തുള്ളി
അവളുമറിയാതെയൊ-
ഴുകിയിറങ്ങി.
ഏറെ നീണ്ടയാപ്പക-
ലിന്റെയൊടുവിൽ,
കാത്തിരുപ്പിന്റെ കണ്ണു-
നീര്‍നനവില്‍,
തുള്ളിയുള്ളിലെ ഉപ്പായിമാറി-
ക്കടലിരമ്പത്തിനുള്ളിലേക്കാണ്ടു.
12Jan2024
അച്ഛൻ മുറുക്കുകയാണ്!
അച്ഛൻ മുറുക്കുകയാണ്!
വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില
നാലും ചേർന്നാൽ ചുവക്കും.
മൈത്രി, മുദിത, കരുണ, ഉപേക്ഷ
അതെ! നാലും ചേർന്ന് ചുവന്നു.
സമചിത്തതയുടെ ചുവപ്പ്.
കാൽവരിയിൽ നിന്നും പിന്നെ പോർബന്ദറിൽ നിന്നും
അലയടിച്ച ചുവപ്പ്.
പണിയെടുക്കുന്നോരെ കൂട്ടിവിളിച്ച്
നഷ്ടപ്പെടാൻ ചങ്ങലകളല്ലാതൊന്നുമില്ലെന്ന്
പഠിപ്പിച്ച അതേ ചുവപ്പ്.
അച്ഛൻ മുറുക്കുകയാണ്, തന്നെ ചുവപ്പിച്ച്
ചുറ്റും ചുവപ്പ് പടർത്തി
അച്ഛൻ മുറുക്കുകയാണ്!
31Jan2024
നിഘണ്ടുവിൽ ഒതുങ്ങാത്ത വാക്കുകൾ!
ചില വാക്കുകൾക്ക് നിഘണ്ടുവിൽ നിൽക്കൽ അസാധ്യമാണ്,
അവ അവിടം വിട്ടിറങ്ങും.
പിന്നെ ലോകത്തിന്റെ തിരക്കുകണ്ട് പകച്ചുനിൽക്കും. പകപ്പോടെയെങ്കിലും തങ്ങൾക്ക് സ്വസ്ഥമായൊരിടം പരതും.
അതിലെ കൂടുതലും വാക്കുകൾ തിരക്കിനിടയിൽ ഏതെങ്കിലും വാഹനങ്ങളുടെ ടയറുകൾക്കിടയിലോ, ഫാനിൽ നിന്ന് തൂങ്ങുന്ന ചരടുകളിലോ, ഉറക്കഗുളികകളിലോ ഇടം കണ്ടെത്തും…
പിന്നെയും ചില വാക്കുകൾ പരതും,
ഈ സുഖങ്ങളിലും തൃപ്തരാകാത്ത അവർ
ആശുപത്രിയിലെ ചങ്ങലകളിലോ,
ഇരുമ്പഴികളിലോ വിശ്രമിക്കും…
ചില വാക്കുകൾക്ക് അവിടെയും ഇടം കിട്ടാതെ വരും.
അവർ അലയും, അലഞ്ഞുകൊണ്ടേയിരിക്കും.
നിഘണ്ടുവിൽ ഒതുങ്ങാത്ത വാക്കുകൾ!
6 July 2012
ഒരു യക്ഷിക്കഥ!
ജനാലച്ചില്ലുകളിൽക്കൂടി നിഷ്പ്രയാസം മുറിക്കുള്ളിലേക്ക് കൈകടത്താനാവുന്ന ആ യക്ഷിക്ക് പക്ഷെ എന്റെ പുതപ്പിന്റെ കവചം ഭേദിക്കാനാവില്ല എന്ന വിശ്വാസത്തിന്റെ പുറത്താണ് വർഷങ്ങളോളം ജീവിതം ‘’ധൈര്യപൂർവ്വം” മുന്നോട്ട് കൊണ്ടുപോയത്.
മുന്നിൽ വരുന്ന പലതും ഇപ്പോഴും അങ്ങിനെയായിരിക്കാം!
യക്ഷി ഉണ്ടോ ഇല്ലയോ എന്ന് ആദ്യം ചർച്ച ചെയ്യണോ അതോ ജനൽ ചില്ലിൽക്കൂടി കൈ കടത്തുന്ന യക്ഷിയെ പുതപ്പ് കൊണ്ട് എങ്ങിനെ തടയാൻ കഴിയും എന്നതിന്റെ യുക്തി ചർച്ച ചെയ്യണോ!?
എന്തായാലും തനിയെ ഒരു മുറിക്കുള്ളിൽ കിടക്കാതെ വയ്യ, അതുകൊണ്ട് ചിലതൊക്കെ ചിന്തിക്കാതെ മുന്നോട്ട് നീങ്ങിയേ തീരു!
അതുപോലെ തന്നെ ജീവിതവും!
16/12/2021
വർക്കത്തുകെട്ട താറാവുകള്‍
അരയന്നങ്ങളിപ്പോഴും താറാക്കൂട്ടങ്ങൾക്കിടയിൽ മുട്ടയിടാറുണ്ടത്രെ..!
എന്തായാലും വര്‍ക്കത്തുകെട്ട താറാക്കൾക്ക് ഒരു നാളിൽ അരയന്നമായി മാറാതിരിക്കാൻ കഴിയില്ലല്ലൊ!!!
മാത്രമല്ല മറ്റേതൊരു അരയന്നത്തെക്കാളും അവർ കരുത്തരായിരിക്കും. ഒരായിരം താറാവുകളുടെ പരിഹാസങ്ങൾ ഒന്നിച്ച് വന്നാലും സൗമ്യമായി ചിരിക്കാൻ കഴിയുന്നത്ര കരുത്തർ.
സ്നേഹം- അച്ഛൻ, വൈലോപ്പിള്ളി
10 May 2019
മൗനമൊഴി
അനുസരണയില്ലാത്ത അക്ഷരങ്ങളുടെ കുതിച്ചോട്ടങ്ങളിൽ പലയിടങ്ങളിലും പലരുടെയും പലവാക്കുകളും തിങ്ങി മരിക്കുന്നു. ഒന്നും പറയാൻ കഴിയാതെ മരണമടഞ്ഞ വാക്കുകൾ പിന്നീട് പലരുടെയും സംഭാഷണങ്ങൾക്കിടയിലെ മൗനമായി ഉടലെടുക്കുന്നു…
അക്ഷരങ്ങളുടെ തിരക്കും മത്സരവും വർധിക്കുന്നതോടൊപ്പം മരണപ്പെടുന്ന വാക്കുകളുടെ എണ്ണവും വർധിച്ച് വരുന്നു, മൗനത്തിന്റെ ദൈർഘ്യവും…
തിരക്കേറുന്ന അക്ഷരങ്ങളുടെയും തിങ്ങിമരിക്കുന്ന വാക്കുകളുടെയും ആത്മാവ് പറയാതെപോയ ചിന്തകളിലാണ്…
പങ്കുവയ്ക്കപ്പെടാതെ തുടച്ചെറിയപ്പെടുന്ന ചിന്തകൾ, ശ്വാസംമുട്ടി മരിച്ച വാക്കുകള്‍, മത്സരക്കെണിയിൽ കുടുങ്ങിയ അക്ഷരങ്ങൾ,…….
ഉള്ളിലേക്ക് തിരിഞ്ഞ് നോക്കിയാൽ അർത്ഥശൂന്യമായ ജീവിതം കാണാം.
8 മെയ് 2014